09 May 2024 Thursday

കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തര്‍ക്കം, തമ്മിലടി; ലഹരിസംഘത്തിലെ നാലുപേര്‍ കൊച്ചിയില്‍ പിടിയില്‍

ckmnews


കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാലുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് എം.ഡി.എം.എ.യും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു.

വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലും തമ്മിലടിയിലും കലാശിച്ചതെന്നാണ് വിവരം. പിടിയിലായ അതുല്‍ദേവിന് മറ്റുമൂന്നൂപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് വാങ്ങിയത്. എന്നാല്‍, ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുല്‍ദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വില്‍പ്പന നടത്തിയവര്‍ രണ്ടുകിലോ കഞ്ചാവും തിരികെവാങ്ങി. പക്ഷേ, ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തില്ല.

ചൊവ്വാഴ്ച പ്രതികളായ നാലുപേരും കൊച്ചി കോന്തുരുത്തിയില്‍വെച്ച് കണ്ടുമുട്ടി. ഇവിടെവെച്ചാണ് ഇവര്‍ തമ്മിലടിച്ചത്. സംഭവം കണ്ടതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികളില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തു. നേരത്തെ സൂക്ഷിച്ചുവെച്ചിരുന്ന രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍കൂടി ഇനി പിടിയിലാകാനുണ്ട്.