09 May 2024 Thursday

മദ്യലഹരിയില്‍ റോഡില്‍ പരാക്രമം, വനിതാ എസ്.ഐ.യെ ആക്രമിച്ചു; തലശ്ശേരിയില്‍ യുവതി അറസ്റ്റില്‍

ckmnews



തലശ്ശേരി: മദ്യലഹരിയിൽ റോഡിൽ പരാക്രമം കാട്ടുകയും വനിതാ എസ്.ഐ.യെ മർദിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കൂളി ബസാർ സ്വദേശി റസീന(30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി എസ്.ഐ. ദീപ്തിയെയാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റസീന ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു മദ്യലഹരിയിൽ റസീനയുടെ പരാക്രമം.

മദ്യലഹരിയിൽ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളിൽ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതുനാട്ടുകാർ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാർക്ക് നേരേ തിരിഞ്ഞു. റോഡിൽ പരാക്രമംകാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യംപറയുകയും ചെയ്തു. പോലീസെത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് സംഘം യുവതിയെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വനിതാ എസ്.ഐ.യ്ക്ക് നേരേയും ആക്രമണമുണ്ടായത്. റസീനയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.