09 May 2024 Thursday

23 കിലോഗ്രാം കഞ്ചാവുമായി 3 പേർ അറസ്റ്റിൽ

ckmnews



മുതലമട ∙ സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരത്തു നിന്നു 23.629 കിലോഗ്രാം കഞ്ചാവുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന അതിർത്തിയിലെ മുഖ്യ ലഹരിയിടപാടുകാരനെന്ന നിലയിൽ പൊലീസിന്റെ നോട്ടപ്പുള്ളിയായ മംഗലംഡാം അമ്പിട്ടൻതരിശ്ശിൽ വിനയൻ ദാസൻ (35), ഗോവിന്ദാപുരം എം.പുതൂരിൽ മണികണ്ഠൻ (39), ഗോവിന്ദാപുരം കരടിക്കുന്നിൽ ധർമരാജൻ (61) എന്നിവരാണ് അറസ്റ്റിലായത്.ക്രിസ്മസ്, പുതുവത്സരം എന്നിവയുടെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ ലഹരികടത്തു തടയുന്നതിനു ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശത്തിൽ കൊല്ലങ്കോട് പൊലീസ്, ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 


കഞ്ചാവു കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എം.പുതൂർ കരടിക്കുന്നിൽ ധർമരാജന്റെ തെങ്ങിൻതോട്ടത്തിൽ നിന്നു പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്തു. മംഗലംഡാം അമ്പിട്ടൻതരിശു സ്വദേശികളായ വിനയൻ ദാസനും സഹോദരൻ വിനോദും വർഷങ്ങളായി അനധികൃത ഇടപാടുകൾക്കും ലഹരി കച്ചവടത്തിനുമായി സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരത്തു താമസമാക്കിയിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

ആദ്യകാലത്തു കോഴിയും നിരോധിത പുകയില ഉൽപന്നങ്ങളുമൊക്കെ കടത്തിയിരുന്ന വിനോദും വിനയനും പിന്നീടു വൻതോതിൽ കഞ്ചാവു കടത്തിലേക്കു മാറുകയായിരുന്നു. സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് ഇവരുടെ നേതൃത്വത്തിൽ ലഹരികടത്തിനായി വൻ ക്രിമിനൽ സംഘം തന്നെ പ്രവർത്തിക്കുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 180 കിലോഗ്രാം കഞ്ചാവു പിടികൂടിയ കേസിൽ വിനോദ് 8 മാസമായി ആന്ധ്ര ജയിലിലായിരുന്നു. ആ സമയത്തും ലഹരി ഇടപാടു നടത്തിയിരുന്ന വിനയൻ ഏറെനാളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.