09 May 2024 Thursday

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കൾ പൊലീസുകാരെ കയ്യേറ്റം ചെയ്തു

ckmnews


തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളിൽ ചിലർ വാഹനം തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്തെത്തിയ പോലീസുകാരെ യുവാക്കൾ കയ്യേറ്റം ചെയ്തു. സംഘർഷത്തിൽ എ എസ് ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. തുടർന്ന് ഡി വൈ എസ് പി അടക്കം കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവരെ മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. അക്രമണത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ചയാളെ പോലീസ് പിന്തുടർന്ന് പിടികൂടി.

നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ കൂട്ടത്തല്ലായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ നിസ്സാര കാര്യങ്ങൾക്ക് ലഹരിയുടെ പിടിയിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു പലരും. ഇത് തലവേദനയായതോടെ പൊലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. പതിനൊന്നിന് ശേഷം എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മാനവീയത്തിലെ കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭക്കും സിപിഎം ജില്ലാ സെക്രട്ടറിക്കും പരാതി നൽകി. ഈ പരാതി പരിഗണിച്ച് മേയർ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. മൈക്ക് ഉപയോഗം പതിനൊന്ന് വരെയാക്കി. പതിനൊന്നിന് ശേഷം പുലർച്ച അഞ്ച് വരെ മൈക്കിലാതെ കലാപരിപാടി വെക്കാനും അനുവദിച്ചിരുന്നു.