09 May 2024 Thursday

നിലനില്‍ക്കുന്നത് രണ്ട് ചക്രവാതച്ചുഴികള്‍, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യത

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഭൂമധ്യരേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കന്യാകുമാരി പ്രദേശം അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


അതേസമയം, വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ കൊച്ചിയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കിഴക്കന്‍ രാജസ്ഥാനിലെ സികറിലാണ്, 2.8 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ എട്ടു ദിവസത്തില്‍ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. നാലു ദിവസമാണ് കണ്ണൂരില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ചൂട് 16ന്, 36.7 ഡിഗ്രി സെല്‍ഷ്യസ്. 14ന് പുനലൂരില്‍ 35.4 ഡിഗ്രി ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.