09 May 2024 Thursday

‘ഒരു ശക്തിക്കും തടയാനാകില്ല, ഈ സർക്കാർ ഭരിക്കും മുന്നോട്ട് പോകും’; മന്ത്രി മുഹമ്മദ് റിയാസ്

ckmnews


നവകേരള സദസിനെത്തുന്നവർക്ക് ബസും കാണാം, മുഖ്യമന്ത്രിയെയും കാണാം, മന്ത്രിമാരേയും കാണാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഒരു ശക്തിക്കും അത് തടയാനാവില്ല. അയ്യങ്കാളിയുടെ പഞ്ചമിയുടെ ചരിത്രത്തെ അടയാളപ്പെടുത്താൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണ്. പിണറായി സർക്കാരിന് തുടർ ഭരണം ലഭിച്ചപ്പോൾ പലർക്കും ഉറക്കം നഷ്ടപ്പെട്ടു. രാത്രി ഉറക്കം നഷ്ടപ്പെട്ട കോൺഗ്രസുകാർ രാവിലെ പിച്ചും പേയും പറയുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ഒരു അദൃശ്യ മുന്നണി പ്രവർത്തിക്കുന്നു.

കെ സുരേന്ദ്രൻ, വി മുരളീധരൻ, കെ സുധാകരൻ, വി.ഡി സതീശൻ, ഭരണഘടന പദവിയിൽ ഇരിക്കുന്ന വ്യക്തിയൊക്കെ അതിൻ്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.


സർക്കാരിനെ പിടിച്ച് താഴെയിടും എന്ന് പറയുന്നവരോട്, 1959 അല്ല 2023 എന്നോർക്കണം. സർക്കാരിനെതിരെ യുഡിഎഫ് സംഘടിപിച്ച വിചാരണ സദസിൽ ആളില്ല. നവകേരള സദസിനെതിരെ യുള്ള സമരത്തിൽ പങ്കെടുക്കുന്നവർക്ക് പോലും സമരത്തിൻ്റെ മുദ്രാവാക്യം അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.


കെ.എസ്.യു നടത്തിയ സമരത്തിലേക്ക് എത്തിയത് ക്രിമിനൽ സംഘങ്ങളാണ്. ആണിയടിച്ച പട്ടികയുമായാണ് അവർ വന്നത്. സർവകലാശാലകളിലെ സംഘപരിവാർ വൽകരണത്തിന് എതിരെ ഉറക്കത്തിൽ പോലും കെ.എസ്.യു ഒരക്ഷരം മിണ്ടിയില്ല. താൻ പ്രമാണിത്വത്തിന് കൈയ്യും കാലും വെച്ച പ്രതിപക്ഷ നേതാവ്, ബിജെപി അധ്യക്ഷനും മേലെയുള്ള അധ്യക്ഷനായി പെരുമാറുന്ന കെപിസിസി പ്രസിഡൻറും എന്തൊക്കെയോ വിളിച്ച് പറയുന്നു. ഈ സർക്കാർ ഭരിക്കും മുന്നോട്ട് പോകും.

തുടർഭരണം ഉണ്ടാകും. പക്ഷെ പ്രതിപക്ഷ നേതാവിൻ്റെ കസേരയിൽ ചെസ്റ്റ് നമ്പർ ത്രീയായി വേറെ ആളാകും ഉണ്ടാകുകുമെന്നും അദ്ദേഹം പറഞ്ഞു.