09 May 2024 Thursday

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ചേർക്കപ്പെട്ട റുവൈസിന് ജാമ്യം

ckmnews



മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12 മുതൽ റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാമെന്നുമാണ് റുവൈസ് വാദിച്ചത്.

ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ട്. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.


ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പിന്നീട് തിങ്കളാഴ്ച പതിനൊന്നരയോടെ ഡോ. ഷഹനയെ ഫ്‌ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.


പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഡോ. റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.