09 May 2024 Thursday

സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം; ഗവർണർ നിയമോപദേശം തേടി, ഹൈക്കോടതിയെ സമീപിച്ചേക്കും

ckmnews



കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി. ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ നിയമിച്ച ഒമ്പത് സെനറ്റ് അംഗങ്ങളെ സംഘപരിവാർ ബന്ധം ആരോപിച്ചാണ് എസ്എഫ്ഐ തടഞ്ഞത്.


സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐ നടപടി. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചപ്പോൾ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെ ഗേറ്റിന് പുറത്ത് എസ്എഫ്ഐ തടഞ്ഞു. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് എസ്എഫ്ഐ പ്രവേശിപ്പിച്ചത്.


തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി ആരോപണത്തെ തുടർന്നാണ് വേഗത്തിൽ പിരിഞ്ഞത്. ആകെ അഞ്ച് അജണ്ടകളാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കൈയടിച്ച് പാസാക്കിയെന്ന് യുഡിഎഫ് അംഗങ്ങൾ പരാതിപ്പെട്ടു.