09 May 2024 Thursday

ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിൽ; ശബരിമലയിൽ മണ്ഡലപൂജ വരെ വെർച്ച്വൽ ക്യൂ ബുക്കിംഗ് നിർത്തി

ckmnews


പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ വരെ വെർച്ച്വൽ ക്യൂ ബുക്കിംഗ് നിർത്തി. ബുക്കിംഗ് 80,000ത്തിൽ നിലനിർത്താൻ ഹൈക്കോടതി നിർദ്ദേശം ഉണ്ട്. വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ് 80,000ത്തിന് മുകളിലാണ്. തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും വെർച്ചൽ ക്യൂ സ്പെഷ്യൽ ഓഫീസറുമായ ഒ ജി ബിജു പറഞ്ഞു.

ബുക്കിംഗ് നിയന്ത്രിക്കും മുൻപേ പല ദിവസത്തേയും 80,000 കടന്നിരുന്നു. 80,000ത്തിന് മുകളിൽ ബുക്കിംഗ് അനുവദിക്കരുതെന്ന് പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 27 വരെയൂളള പരമാവധി അനുവദിക്കാവുന്ന സ്ലോട്ടുകൾ പൂർണമായിരിക്കുകയാണ്. 27 നാണ് മണ്ഡല പൂജ. 26ന് വൈകുന്നേരം ആറന്മുളയിൽ നിന്നുള്ള തങ്കയങ്കി ഘോഷയാത്ര ശബരിമലയിൽ എത്തിച്ചേരും.

അതേസമയം ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 1.31 കോടി രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കിൽ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി നിലവിൽ ആയിരം വിശുദ്ധി സേനാംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്നുണ്ട്.