09 May 2024 Thursday

തലസ്ഥാനത്ത് തെരുവ് യുദ്ധം; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ckmnews


തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


ഉച്ചക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ ആറിലധികം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായി. കമ്പുകളും ചെരുപ്പുകളും എറിഞ്ഞു. തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിക്കുമന്നെ് പൊലീസ് മുന്നറിപ്പ് നല്‍കി. സെക്രട്ടറിയേറ്റ് ഉള്ളിലേക്ക് ചെരുപ്പും മുളവടിയും എറിഞ്ഞു. പൊലീസുകാരെ മുളവടി കൊണ്ട് അടിക്കാനും ചില പ്രവർത്തകർ മുതിർന്നു.


യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ കയറി. അതിനിടെ സംഘര്‍ഷത്തില്‍ കൻ്റോൺമെൻ്റ് എസ്‌ഐ ദില്‍ജിത്തിന് പരിക്കേറ്റു. വായില്‍ നിന്നും ചോര വന്നു.


സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലപൊട്ടി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് മുഹമ്മദ് ഹാഷിം എന്ന പ്രവര്‍ത്തകനാണ് പരിക്കേറ്റത്. പൊലീസ് ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടിയതാണ് പരിക്കിന് കാരണമെന്നാണ് ആരോപണം. പരിക്കേറ്റ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ പ്രതിഷേധം തുടരും. അവസാനിപ്പിക്കില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ബസിന്റെ ചില്ല് തകര്‍ക്കുകയും ടയറിന്റെ കാറ്റൂരി വിടുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലും ആക്രമണത്തില്‍ പരിക്കേറ്റു. പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയ സംഭവത്തില്‍ നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചു.


'കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ടതാണ്. മലപ്പുറത്ത് വനിതാ പ്രവര്‍ത്തകര്‍ അക്രമം നടത്തിയപ്പോള്‍ കരയല്ലേമോളെയെന്നാണ് പറഞ്ഞത്.ഇവിടെ പുരുഷ പൊലീസ് തുണിയില്‍ പിടിച്ചു. അവന്മാരെ കണ്ടിട്ടേ പോകുന്നുള്ളൂ. അതിലൊരു തര്‍ക്കവും വേണ്ട. അവര്‍ പരമാവധി സേനയെ ഉപയോഗിക്കട്ടെ. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു, വനിതാ പ്രവര്‍ത്തകയോടുള്ള പൊലീസിന്റെ സമീപനം എന്തായിരുന്നു.' രാഹുല്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സെക്രട്ടറിയേറ്റ് പരിസരത്തേക്ക് എത്തി.