09 May 2024 Thursday

19 വർഷം മുമ്പ് തിരുവോണ ദിവസം പൂക്കടയിൽ നിന്ന് പൂവെടുത്തതിനെ ചൊല്ലി കൊലപാതകം; ഒന്നാം പ്രതിക്ക് ജീവപര്യന്തം

ckmnews



തിരുവനന്തപുരം: 2004 ലെ ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരി(52) വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 16,17500 പിഴയും ശിക്ഷ. കടച്ചില്‍ അനി എന്ന അനില്‍ കുമാറാണ് ഒന്നാം പ്രതി. കേസിലെ മറ്റ് എട്ട് പ്രതികള്‍ക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി. പറഞ്ഞത്‌. അനിൽ കുമാറിന് ജീവപര്യന്തം തടവിനു പുറമേ, 28.5 വർഷം അധിക തടവുമുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒടുക്കിയില്ലെങ്കിൽ അഞ്ച് വർഷം അധിക തടവും അനുഭവിക്കണം.

കളിപ്പാൻകുളം കഞ്ഞിപുരയിൽ സ്വദേശി ഉപ്പ് സുനി എന്ന സുനിൽകുമാർ, സഹോദരൻ അനിൽകുമാർ, തോപ്പുവിളാകം സ്വദേശി മനോജ്, കളിപ്പാൻകുളം കഞ്ഞിപുരയിൽ സന്തോഷ് എന്ന പ്രതീഷ്, ഗോവർദ്ധൻ എന്ന സതീഷ് കുമാർ, തോപ്പുവിളാകം സ്വദേശികളായ സന്തോഷ്, ബീഡി സന്തോഷ് എന്ന സന്തോഷ്, കളിപ്പാൻകുളം ഉണ്ണി, എന്നിവരാണ് മറ്റു പ്രതികൾ. അയ്യപ്പനാശാരിയുടെ മകൻ സതീഷിനെയും സഹോദരൻ രാജഗോപാലാശാരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഇവർക്കെതിരെ വധശ്രമക്കുറ്റവും ചുമത്തിയിരുന്നു. പ്രതികൾക്ക് ഇരുപത്തിയെട്ടര വർഷം തടവിനു പുറമേ, 67,500 രൂപ പിഴയുമുണ്ട്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ഒമ്പത് പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. 19 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ ആരംഭിച്ചത് 19 വർഷങ്ങൾക്കു ശേഷമാണ്. വിചാരണ തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രതികളായ കളിപ്പാൻകുളം കഞ്ഞിപ്പുര നിവാസികളായ ശ്രീകണ്ഠൻ നായർ മകൻ സനോജ്, സുലോചനൻ നായർ മകൻ പ്രകാശ്, ചന്ദ്രൻ മകൻ സുരേഷ് എന്നിവർ മരണപ്പെട്ടു. ബാക്കി 16 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ ഏഴ് പ്രതികളെ കോടതി വെറുതേ വിട്ടു.

2004 ഓഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരി മുത്താരമ്മൻ കോവിലിന് സമീപം കൊല്ലപ്പെട്ടത്. ഓണാഘോഷത്തിന് പൂക്കടയിൽ നിന്ന് പൂക്കൾ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണക്കാട് സ്പാൻ ആശുപത്രിക്ക് രാജേന്ദ്രൻ എന്നയാൾ നടത്തിയിരുന്ന പൂക്കടയിൽ നിന്ന് അയ്യപ്പനാശാരിയുടെ മകനും സുഹൃത്ത് കുതിരസനൽ എന്നു വിളിക്കുന്ന സനലും പൂക്കള്‍ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് രാജേന്ദ്രന്റെ സുഹൃത്ത് കടച്ചൽ അനിയുടെ നേതൃത്വത്തിലുള്ള സംഘം സതീശിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ആർഎസ്എസ് നേതാവ് രാജഗോപാല്‍ ആശാരിയുടെ വീട്ടിൽ കയറി ആക്രമിക്കുകയും തടയാൻ ശ്രമിച്ച രാജഗോപാൽ ആശാരിയുടെ സഹോദരൻ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.