09 May 2024 Thursday

മിഠായിത്തെരുവിലെത്തി ഹൽവ കഴിച്ചും ആളുകൾക്കൊപ്പം സെൽഫിയെടുത്തും ​ഗവർണർ

ckmnews


കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് കോഴിക്കോട് മിഠായിത്തെരുവിലെത്തി. താൻ ഹൽവ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ന​ഗരത്തിലെത്തിയ ​ഗവർണർ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയിൽ നിന്ന് ഹൽവ രുചിക്കുകയും ചെയ്തു.

കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങിയെന്ന് സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ പ്രതികരിച്ചു. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവര്‍ണര്‍ പറഞ്ഞു. പൊതുജനങ്ങളോട് സംസാരിച്ചും കുട്ടികളെയെടുത്തും ജീവനക്കാരോടൊപ്പം സെൽഫിയെടുത്തും ​ഗവർണർ മുന്നോട്ട് നീങ്ങി. ഉച്ചയ്ക്ക് 1.15-ഓടെയാണ്‌ അദ്ദേഹം മിഠായിത്തെരുവിൽ നിന്ന് മടങ്ങിയത്.