09 May 2024 Thursday

ശരീരമാസകലം വെള്ളപെയിന്‍റടിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ബിജെപി പഞ്ചായത്തംഗം

ckmnews



മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബിജെപി പഞ്ചായത്തംഗം. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം പത്തനാപുരത്ത് എത്തുന്നതിന് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് ശരീരമാസകലം വെള്ളപെയിന്‍റടിച്ചെത്തിയത്. സ്ഥിരമായി കറുപ്പിടുന്ന ആളാണ് രഞ്ജിത്ത്. മുഖ്യമന്ത്രി കടന്നു പോകുമ്പോൾ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് കറുപ്പ് മാറ്റി മൊത്തത്തിൽ വെളളയടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ പോലീസ് സ്ഥലത്തെത്തി രഞ്ജിത്തിനെ ഇവിടെ നിന്നും മാറ്റി. താന്‍ ജനപ്രതിനിധിയാണെന്ന് പറഞ്ഞിട്ടും പോലീസ് രഞ്ജിത്തിനെ പ്രതിഷേധിക്കാന്‍ അനുവദിച്ചില്ല.

മുഖ്യമന്ത്രിക്കെതികെ കരിങ്കൊടിയും കറുത്ത വസ്ത്രവും ധരിച്ചെത്തുന്നവരെ പോലീസ് പിടികൂടുന്നത് പതിവായതിന് പിന്നാലെയാണ് വെള്ള പെയിന്‍റടിച്ചെത്തിയ പ്രതിഷേധക്കാരെയും പോലീസ് നീക്കം ചെയ്യാന്‍ തുടങ്ങിയത്.