09 May 2024 Thursday

കോവിഡ് വീണ്ടും തലപൊക്കുന്നു:ജെഎൻ.1 ഉപവകഭേദം ഐസിഎംആറും സ്ഥിരീകരിച്ചു രോഗം ഞൊടിയിടയിൽ വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം

ckmnews

കോവിഡ് വീണ്ടും തലപൊക്കുന്നു:ജെഎൻ.1 ഉപവകഭേദം ഐസിഎംആറും സ്ഥിരീകരിച്ചു


രോഗം ഞൊടിയിടയിൽ വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം


ന്യൂഡൽഹി:കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജെഎൻ.1 ഐസിഎംആറും സ്ഥിരീകരിച്ചു.ജനിതകലബോറട്ടറികളുടെ ശൃംഖലയായ ഇൻസാകോഗാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ അറിയിച്ചു. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്നവർ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.പ്രതിരോധശേഷി കുറയ്‌ക്കുന്ന,വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെ.എൻ. 1 കോവിഡ് ഉപവകഭേദം.യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്ന് വർദ്ധിക്കുകയും ചെയ്ത വകഭേദമാണിത്.എന്നാൽ പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി.സംസ്ഥാനത്ത് നിലവിൽ 1,324 പേരാണ് കോവിഡ് പോസറ്റീവ് ‌ആയിട്ടുള്ളത്.രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നതും കേരളത്തിലാണ്.പ്രതിദിനം 700 മുതൽ 1000 വരെ കോവിഡ് ടെസ്റ്റുകളാണ് നടക്കുന്നത്.