09 May 2024 Thursday

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ രക്ഷിച്ചെടുത്തത് പൊലീസ് അട്ടിമറി മുമ്പേ അറിഞ്ഞിട്ടും അവഗണിച്ചു;മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി

ckmnews

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ രക്ഷിച്ചെടുത്തത് പൊലീസ്


അട്ടിമറി മുമ്പേ അറിഞ്ഞിട്ടും അവഗണിച്ചു;മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി


വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ അന്വേഷണ സംഘത്തിന് വീഴ്ച്ച പറ്റിയെന്ന് തിരിച്ചറിഞ്ഞിട്ടും തിരുത്താത്തതാണ് കേസില്‍ തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ട്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിക്കാത്തതാണ് പ്രതിക്ക് അനുകൂലമായത്.ഇക്കാര്യം സംബന്ധിച്ച് മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി ഇടുക്കി എസ്പിക്കും ഡിജിപിക്കും റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു.


മുല്ലപ്പെരിയാറിലേക്ക് നിയോഗിക്കപ്പെട്ട സിഐ അടക്കം അഞ്ചു പോലീസുകാര്‍ വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിന്റെ അന്വേഷണത്തിനെന്ന പേരില്‍ സ്റ്റേഷനില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണെന്നും ഇത് ശരിയായ കീഴ്വഴക്കം അല്ലെന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷം ഫെബ്രുവരിയില്‍ അയച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക പരാമര്‍ശങ്ങളുള്ളത്.


വണ്ടിപ്പെരിയാറില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ടു കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം ശാസ്ത്രിയ തെളിവുകളുടെ അഭാവം ആണ്. കൊല നടന്നതിന്റെ അടുത്ത ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ചത്,വിരലടയാളം പോലെ നിര്‍ണായക തെളിവുകള്‍ ശേഖരിച്ചില്ല തുടങ്ങിയ വീഴ്ചകള്‍ വിധിപകര്‍പ്പില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.


ഇതേ വീഴ്ചകള്‍ പത്തുമാസം മുമ്പ് പോലീസ് ഉന്നതര്‍ക്ക് മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഈ കേസില്‍ സയന്റിഫിക് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരുടെ സേവനം കേസ് റജിസ്റ്റര്‍ ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് ഡിവൈഎസ്പി ചൂണ്ടിക്കാട്ടിയത്. ”ഈ കേസില്‍ കുറ്റകൃത്യം കണ്ട സാക്ഷികളുടെ മൊഴികളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന് അറിയുന്നു. അങ്ങനെയൊരു കേസില്‍ ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാരുടെ ജോലി എന്താണ്?” കേസിന്റെ പേര് പറഞ്ഞ് മറ്റ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്ന അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ കൃത്യമായി ചൂണ്ടിക്കാട്ടി അയച്ച റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ചോദിച്ചിരുന്നു.


സാധാരണ മരണം കൊലപാതകമെന്ന് കണ്ടെത്തിയതു മുതല്‍ തുടര്‍ച്ചയായി അമ്പരപ്പും ഞെട്ടലും സൃഷ്ടിച്ച കേസാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസുകാരി കൊല്ലപ്പെട്ട സംഭവം. 2021 ജൂണ്‍ 30നാണ് എസ്റ്റേറ്റ് ലയത്തിലെ മുറിക്കുള്ളില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടിയെ ലയത്തിലാക്കിയ ശേഷം മാതാപിതാക്കള്‍ ജോലിക്കും സഹോദരന്‍ മുടി വെട്ടാനും പോയിരുന്നു. ഉച്ചയോടെ സഹോദരന്‍ തിരികെ എത്തിയപ്പോഴാണ് കുട്ടിയെ ഷാള്‍ കഴുത്തില്‍ കരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് കേസില്‍ വലിയ വഴിത്തിരിവുണ്ടായത്. 14 വര്‍ഷം കുട്ടികളുണ്ടാകാതെ കാത്തിരുന്ന മാതാപിതാക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് ഈ വിവരം അറിഞ്ഞത്.കേസില്‍ അപ്രതീക്ഷിതമായാണ് കുട്ടിയുമായും കുടുംബവുമായും അടുപ്പം പുലര്‍ത്തിയിരുന്ന സമീപവാസിയായ യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.


സംഭവം നടന്നതിന് പിന്നാലെ 2021 ജൂലൈ രണ്ടിനാണ് സമീപവാസിയായ യുവാവ് പോലീസ് കസ്റ്റഡിയിലാകുന്നത്. ഈ സമയത്ത് പോലും കുട്ടിയുടെ ബന്ധുക്കള്‍ ഇയാെള സംശയിച്ചിരുന്നില്ല.

എന്നാല്‍ ജൂലൈ നാലിന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു വര്‍ഷത്തോളമായി കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നുവെന്നായിരുന്നു പോലീസ് വെളിപ്പെടുത്തിയത്. കുട്ടി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയപ്പോഴും പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ ബന്ധുക്കളോ വീട്ടുകാരോ പോലും സംശയിച്ചിരുന്നില്ല. പീഡനത്തിനിടെ മയങ്ങിപ്പോയ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായും പോലീസ് പറഞ്ഞിരുന്നു.