09 May 2024 Thursday

എസ്ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടി; യുവതിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ

ckmnews


കലഞ്ഞൂർ (പത്തനംതിട്ട ) ∙ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരൂട്ടുകാല രോഹിണി നിവാസിൽ ശ്രീജിത്തിനെ (28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 6 നാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. പൊലീസ് പറയുന്നത്: സാമൂഹിക മാധ്യമ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചപ്പോഴാണ് യുവാവും പെൺകുട്ടിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ബോധ്യപ്പെട്ടത്.


പ്രതി സാമൂഹിക മാധ്യമത്തിൽ മിഥുൻ കൃഷ്ണ എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം എസ്ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയായിരുന്നു. സ്വർണം വിറ്റും മറ്റുള്ളവരിൽനിന്നു കടം വാങ്ങിയും പലപ്പോഴായി യുവതി 3 ലക്ഷം രൂപ നൽകി. ബാങ്ക് ഇടപാടിലൂടെയാണ് പണം കൊടുത്തത്. പണം കിട്ടിക്കഴിഞ്ഞപ്പോൾ പ്രതി മൊബൈൽ ഫോൺ ഓഫാക്കി. ഇതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 


ഫോണുകളും സിം കാർഡുകളും കൂടെക്കൂടെ മാറ്റി ഉപയോഗിക്കുന്ന ഇയാൾ ഹോംസ്റ്റേകളിൽ മാറിമാറി താമസിച്ച് പലരെയും തട്ടിച്ച് പണം കൈക്കലാക്കിയിരുന്നു. പ്രതി മസാജ് പാർലറുകളിലും മറ്റും സുഖജീവിതം നയിക്കുകയും മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചും ആഡംബരമായി കഴിയുകയായിരുന്നെന്നും കണ്ടെത്തി. കോട്ടയത്തെ ഹോട്ടലിൽനിന്ന് ഇയാളെ കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ തട്ടിപ്പിന് ഇരയായ രണ്ട് പെൺകുട്ടികളുടെ പരാതികൾ നിലവിൽ പൊലീസിന് കിട്ടിയിട്ടുണ്ട്.