09 May 2024 Thursday

എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസ് തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം'സ്വപ്നയ്ക്ക് തിരിച്ചടി

ckmnews

എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസ്


തളിപ്പറമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം'സ്വപ്നയ്ക്ക് തിരിച്ചടി


കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ട കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് സ്വപ്ന സുരേഷിനോട് ഹൈക്കോടതി നിർദേശിച്ചു. തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം തള്ളിയ കോടതി തളിപ്പറമ്പിൽ തന്നെ ഹാജരാകണമെന്ന് നിർദേശിച്ചു


അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സ്വപ്നയുടെ ആവശ്യം നിരസിച്ചത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലാണ് എം വി ഗോവിന്ദൻ മാനനഷ്ട കേസ് ഫയൽ ചെയ്തത്. തനിക്ക് ഭീഷണിയുള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പിൽ പോകാനാകില്ലെന്നായിരുന്നു സ്വപ്നയുടെ വാദം.


ഭീഷണിയുടെ കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. ആവശ്യമായ നടപടി അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. ഹാജരാകാൻ പറഞ്ഞ ദിവസം കഴിഞ്ഞെന്ന്​ സ്വപ്ന അറിയിച്ചപ്പോൾ പുതിയ നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം ഉണ്ടെന്നും അപ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ എം വി ഗോവിന്ദൻ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കിൽ ജീവൻ അപകടത്തിലാക്കുമെന്ന് കണ്ണൂരിലെ വിജേഷ് പിള്ള എന്നയാൾ പറഞ്ഞുവെന്നുമാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. പിന്നാലെയാണ്, 50 വർഷത്തോളമായി തുടരുന്ന നിസ്വാർഥമായ രാഷ്ട്രീയപ്രവർത്തനത്തിലൂടെ നേടിയെടുത്ത സൽപേര് കളങ്കപ്പെടുത്തിയെന്നും തന്റെയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന് മാനഹാനിയുണ്ടാക്കിയെന്നും കാണിച്ച് എം വി ഗോവിന്ദൻ മാനനഷ്ട കേസ് ഫയൽ ചെയ്തത്.