09 May 2024 Thursday

സ്വർണം കൈക്കലാക്കാൻ ഭാര്യയുടെ കഴുത്തറുത്തു; 11 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

ckmnews



കോതമംഗലം: വീടിനകത്ത് യുവതി കൊല്ലപ്പെട്ട കേസിൽ 11 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. മാതിരപ്പിള്ളി ആയുർവേദ ആശുപത്രിക്ക് സമീപം കണ്ണാടിപ്പാറ വീട്ടിൽ ഷാജി (56) ആണ് അറസ്റ്റിലായത്. 2012 ഓഗസ്റ്റ് 8-ന് രാവിലെയാണ് ഷാജിയുടെ ഭാര്യ ഷോജി (34) കൊല്ലപ്പെട്ടത്. ഭാര്യയുടെ സ്വർണാഭരണം കൈക്കലാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. ടൈൽ മുറിക്കുന്ന ഇലക്ട്രിക് കട്ടിങ് മെഷീനിൽ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്താണ് ഷാജി ഭാര്യയെ കൊന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വെളിപ്പെടുത്തി.

2012 ജനുവരിയിൽ ഓട്ടോ ഡ്രൈവറെ കട്ടിങ് മെഷീൻ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ ഷാജിയുടെ പേരിൽ വധശ്രമത്തിന് കേസുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.


ഷോജിയുടെ കഴുത്തെല്ലിനുണ്ടായ പൊട്ടലും മുറിപ്പാടിന്റെ വീതിയും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച സൂചന ലഭിച്ചത്. അതിനൊപ്പം ഷോജി കൊല്ലപ്പെട്ട് കിടന്ന പായയുടെ അടിയിൽനിന്ന് ഷാജിയുടെ ചില രേഖകൾ കണ്ടെത്തിയതും നിർണായകമായെന്ന് ഡിവൈ.എസ്.പി. വൈ.ആർ. റസ്റ്റം പറഞ്ഞു.

പെൺ സുഹൃത്തിന് നൽകാനാണ് സംഭവ ദിവസം സ്വർണാഭരണം എടുക്കാൻ ഷാജി വീട്ടിൽ എത്തിയത്. അലമാരയിൽനിന്ന് സ്വർണം എടുക്കുന്നത് ഷോജി കണ്ടത് തർക്കത്തിന് ഇടയാക്കി. ആഭരണങ്ങൾ ഷാജിക്ക് നൽകാൻ ഷോജി തയ്യാറായില്ല. ഇതിന്റെ പേരിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവശേഷം സമർഥമായി ഷാജി വീട്ടിൽ നിന്ന് കടന്നുകളയുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 6-നാണ് മാതിരപ്പിള്ളിയിലെ വീട്ടിൽനിന്ന് ഷാജിയെ കസ്റ്റഡിയിലെടുത്തത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. വീട്ടിൽനിന്ന് കോതമംഗലം പി.ഒ. ജങ്ഷനു സമീപത്ത് ഷാജി മുൻപ് കാർഷിക-നിർമാണ ഉപകരണങ്ങൾ വാടകയ്ക്ക് നൽകിയിരുന്ന കടമുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോതമംഗലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വെച്ചാണ് പോലീസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് 1.30-ഓടെ ഷാജിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് തന്റെമേൽ കേസ് കെട്ടിവെച്ചതാണെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം.


കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിൽ കേസ് തെളിയാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മെഷീൻബ്ലേഡ് ഷാജി നശിപ്പിച്ചു. മെഷീൻ കണ്ടെടുക്കുകയും ചെയ്തു.