09 May 2024 Thursday

ഒന്നിച്ചു നിൽക്കാൻ പറഞ്ഞ് ഒന്നാം സ്ഥാനം നേടി;ഇരട്ടി സന്തോഷമായി ഇരട്ടകളും

ckmnews

ഒന്നിച്ചു നിൽക്കാൻ പറഞ്ഞ് ഒന്നാം സ്ഥാനം നേടി;ഇരട്ടി സന്തോഷമായി ഇരട്ടകളും 


കൂറ്റനാട് : നാടകത്തിന്റെ തിരക്കഥയിൽ പറയാത്ത ഒരു കഥയുണ്ടായിരുന്നു വേദജ യ്ക്കും മേധജയ്ക്കും. അവസാനം അവർ തന്നെ ആ കഥ പറഞ്ഞു, ഇരട്ട സഹോദരിമാരുടെ അഭിനയ കഥ. റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരമായിരുന്നു വേദി. വംശീയ അധിക്ഷേപം നേരിട്ട് ജർമൻ ഫുട്ബോൾ ടീമിൽ നിന്നു രാജിവയ്ക്കേണ്ടിവന്ന മെസ്യൂത് ഓസിലിന്റെ കഥ പറഞ്ഞ 'ഓസിൽ' നാടകത്തിൽ നിറഞ്ഞു നിന്നത് ഇരട്ട സഹോദരികളായ വേദജയും മേധജയുമാ യിരുന്നു. ഒപ്പം സഹപാഠികളും. 


ഈ നാടകത്തിനു തന്നെ ഒന്നാം സമ്മാനം ലഭിച്ചു. വട്ടേനാട് ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണു നാഗലശ്ശേരി സ്വദേശികളായ വേദജയും മേധജയും. ഫുട്ബോൾ കളിക്കാരികളായും ആരാധികമാരായും ജഴ്സി വിൽപനക്കാരികളുമൊക്കെയായി അവർ നാടകത്തിൽ നിറഞ്ഞു നിന്നു. ഇവർ ഉൾപ്പെട്ട 10 അംഗ സംഘമാണു നാടകം അവതരിപ്പിച്ചത്. മികച്ച നടൻമാരും നടിയും ഈ നാടകത്തിൽ നിന്നു തന്നെ. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരിയിലും വേദജയും മേധജയും പങ്കെടുത്തിരുന്നു. കഴിഞ്ഞ സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൽ നാടകത്തിൽ ഇവരുടെ ടീം എ ഗ്രേഡ് നേടിയിരുന്നു. ജില്ലാ കലോത്സവത്തിൽ ചിത്രരചനയിലും ഇരുവരും എ ഗ്രേഡ് നേടിയിട്ടുണ്ട്. മലയാള സിനിമയിലും അവസരം ലഭിച്ചു 


2021ൽ മികച്ച നൃത്ത സംവിധാനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുര സ്കാരം നേടിയ അരുൺ ലാൽ ആണ് 'ഓസിൽ' നാടകത്തിന്റെ രചനയും സംവിധാനവും. ചവിട്ട് എന്ന സിനിമയ്ക്കായിരുന്നു പുരസ്കാരം. വംശീയ വേർതിരിവിന്റെ പേരിൽ ജർമൻ ടീമിൽ നിന്നു വിരമിക്കേണ്ടി വന്ന ഓസിൽ തുർക്കി വംശജനായിരുന്നു. ഓസിൽ ആയി അഭിനയിച്ച 10-ാം ക്ലാസിലെ ടി.അഭിരഥ്, അദ്ദേഹത്തിന്റെ ആരാധകനായി അഭിനയിച്ച എട്ടാം ക്ലാസിലെ ടി.മുഹമ്മദ് ഷെമീൽ എന്നിവർ മികച്ച നടൻമാരായി. ഓസിലിൻ്റെ അമ്മയായി അഭിനയിച്ച പത്താം ക്ലാസിലെ സി.എച്ച്.ആർദ്ര മികച്ച നടിയായി