09 May 2024 Thursday

ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 39 വയസ്

ckmnews


ലോകത്തെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായ ഭോപ്പാല്‍ വിഷവാതക ദുരന്തം ഉണ്ടായിട്ട് ഇന്ന് 39 വര്‍ഷം. അയ്യായിരത്തോളം ആളുകള്‍ വിഷവാതകം ശ്വസിച്ച് പിടഞ്ഞുവീണ മണ്ണില്‍ ഇന്നും ഇരകളാക്കപ്പെട്ടവര്‍ ദുരന്ത സ്മാരകങ്ങളായി ജീവിച്ചിരിപ്പുണ്ട്. നഷ്ടപരിഹാരം പോലും ലഭിക്കാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി കഴിയുന്ന ഇരകളുടെ ജീവിതം ലോകനീതിയുടെ വികൃത മുഖം കൂടിയാണ്.

അര്‍ദ്ധരാത്രിയിലെ ഉറക്കത്തിനിടയില്‍ ശ്വാസനാളിയിലെ പുകച്ചില്‍ അനുഭവപ്പെട്ടാണ് ആളുകള്‍ ഞെട്ടിയെഴുന്നേറ്റത്. എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ മരിച്ച് വീണവര്‍. കുടിലുകളിലും മരച്ചുവട്ടിലും പാതയോരങ്ങളിലുമായി കഴിച്ചുകൂട്ടിയ അനേകായിരങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുവീണു. അമ്മയുടെ മാറിലേക്ക് ചാഞ്ഞുകിടന്നുറങ്ങിയ കുഞ്ഞുമക്കളും ശ്വാസത്തിനായി പിടഞ്ഞു. ഹോസ്പിറ്റല്‍ മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞു. ലോകചരിത്രത്തിലെ മാനവസൃഷ്ടമായ ഏറ്റവും വലിയ ദുരന്തം. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചുറ്റും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി ഭോപ്പാലില്‍ ഇന്നും നിരവധി പേര്‍ ജീവിച്ചിരിപ്പുണ്ട്. ഭയാനകമായ ആ യൗവ്വനകാലം വാര്‍ധക്യത്തിലും അവരെ അലട്ടുന്നു.

വ്യവസായ ശാലയിലെ മീഥൈല്‍ ഐസോസയനൈറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിലേക്ക് വന്‍തോതില്‍ വെളളം കയറി താപനില ഉയരുകയും തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തിലൂടെ വിഷവാതകം അന്തരീക്ഷത്തില്‍ ലയിക്കുകയുമായിരുന്നു. 39 വര്‍ഷത്തിനപ്പുറം ദുരന്തത്തിന്റെ പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ല. വിഷവാതകം ശ്വസിച്ചവരില്‍ പലരും മാനസിക, ശാരീരിക വൈകല്യങ്ങളുളള കുട്ടികള്‍ക്ക് ജന്മം നല്‍കി. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുമായി ഇന്നും നിരവധി പേര്‍ ദുരന്തസ്മാരകങ്ങളായി ജീവിച്ചിരിക്കുന്നു.


യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അന്നത്തെ ചെയര്‍മാനായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ ആയിരുന്നു കേസിലെ മുഖ്യപ്രതി. ഒരിക്കല്‍ പോലും വിചാരണ നേരിടാന്‍ പോലും കോടതിയിലെത്താത്ത വ്യവസായ ഭീമന്‍ 2014ല്‍ മരിക്കും വരെ സുഖലോലുവായി ജീവിച്ചു. ദുരന്തത്തെ അതിജീവിച്ച ഇരകളില്‍ 150തിലധികം ആളുകള്‍ മരിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ദുരന്തത്തിനിരയായവര്‍ക്കുളള നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഈ മാര്‍ച്ചില്‍ സുപ്രീംകോടതി തളളുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിന് ശേഷം നഷ്ടപരിഹാരത്തുക ഉയര്‍ത്താന്‍ ആവശ്യപ്പെട്ട യുക്തി ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നായിരുന്നു പരമോന്നത കോടതിയുടെ നീരിക്ഷണം.