09 May 2024 Thursday

അബിഗേൽ സാറയെ തട്ടിക്കൊണ്ട് പോയിട്ട് 16 മണിക്കൂർ;തെരച്ചിൽ ഊർജിതം

ckmnews

അബിഗേൽ സാറയെ തട്ടിക്കൊണ്ട് പോയിട്ട് 16 മണിക്കൂർ;തെരച്ചിൽ ഊർജിതം


കൊല്ലം:പൂയപ്പള്ളിയിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ എന്ന ആറ് വയസുകാരിക്കുവേണ്ടി വ്യാപക തെരച്ചിൽ.കുട്ടിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു.പൊലീസ് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരത്ത് നിന്ന് മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്.ഇവർക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.


ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഉടമ ഉൾപ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പ് ശ്രീകാര്യത്ത് നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തിയിരുന്നു.ഇയാളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പരിശോധന നടത്തിയത്.


ഇവിടെനിന്ന് അഞ്ഞൂറ് രൂപയുടെ 19 കെട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിൽ ഒമ്പതര ലക്ഷം രൂപയോളമാണ് കണ്ടെത്തിയത്. ഇവിടുത്തെ വാർഡ് കൌൺസിലറെ വിളിച്ചുവരുത്തി ബോധ്യപ്പെടുത്തിയശേഷമാണ് പണം പിടിച്ചെടുത്തത്. ഇവിടെനിന്ന് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി 15 മണിക്കൂർ പിന്നിടുമ്പോഴാണ് മൂന്നു പേർ കസ്റ്റഡിയിലുള്ളത്.


കുട്ടിക്കുവേണ്ടി സംസ്ഥാനവ്യാപകമായും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും തെരച്ചിൽ നടത്തി. സമീപ ജില്ലകളിലും വാഹനപരിശോധന ഉൾപ്പടെ തുടരുകയാണ്.


അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഓട്ടോറിക്ഷയിൽ പാരിപ്പള്ളിയിലെ കടയിലെത്തി കുട്ടിയുടെ മാതാവിന്‍റെ ഫോണിലേക്ക് വിളിച്ചയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.


തിങ്കളാഴ്ച വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അറു വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തി. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം.


പാരിപ്പള്ളിയിലെ കടയിൽ ഓട്ടോയിലെത്തിയ സംഘം കടയുടമയായ സ്ത്രീയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കടയില്‍ എത്തിയ പുരുഷനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് കടയുടമയായ സ്ത്രീ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവർ കടയിലെത്തിയ ഓട്ടോറിക്ഷ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്