09 May 2024 Thursday

125 ദിവസമായിട്ടും കുറ്റപത്രമില്ല, പോലീസിൻ്റെ വൻ വീഴ്ച; സ്വർണം കവർന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

ckmnews



കൊച്ചി: പാലക്കാട് മീനാക്ഷിപുരം കവര്‍ച്ചക്കേസില്‍ കുറ്റപത്രം നല്‍കുന്നതില്‍ പോലീസിനുണ്ടായ വീഴ്ച കാരണം അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇത്ര ഗൗരവമുള്ളൊരു കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ കാരണമായത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. അറസ്റ്റിലായി 125 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.

പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. പ്രതിയുടെ പൂര്‍വകാല ചരിത്രവും വളരെ മോശമാണ്. കൂട്ടുപ്രതികള്‍ക്കെതിരേയും ഒട്ടേറെ കേസുകളുണ്ട്. എന്നിട്ടും കുറ്റപത്രം യഥാസമയം നല്‍കുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായി എന്നും കോടതി കുറ്റപ്പെടുത്തി. പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞുനിര്‍ത്തി സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ 14-ാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കഴിഞ്ഞ മാര്‍ച്ച് 26-നായിരുന്നു സംഭവം. ജൂലായ് 18-നാണ് പ്രതി അറസ്റ്റിലാകുന്നത്.