09 May 2024 Thursday

റോബിന്‍ ബസ് അന്തർസംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പെർമിറ്റ് ലംഘനത്തിന് എംവിഡിയുടെ 7500 രൂപ പിഴ

ckmnews


അന്തർസംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ റോബിന്‍ ബസിന് പിഴ ഇട്ട് എംവിഡി. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് യാത്ര തുടങ്ങിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ പരിശോധനയുമായി എത്തിയ എംവിഡി പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. ഇനിയും പരിശോധനയുണ്ടാകുമെന്നും എംവിഡി അറിയിച്ചിട്ടുണ്ട്. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര തുടര്‍ന്നത്. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. എംവിഡിയുടെ പിഴ തിങ്കളാഴ്ച തന്നെ കോടതിയില്‍ അടയ്ക്കുമെന്നും സര്‍വീസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബസ് ഉടമ പറഞ്ഞു

കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരേക്ക് സർവീസ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ റാന്നിയിൽ വച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. തുടർന്ന് 45 ദിവസങ്ങൾക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബർ 16ന് വീണ്ടും സർവീസ് തുടങ്ങി. റാന്നിയിൽ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. പിന്നാലെ കോടതി ഉത്തരവിനെ തുടർന്നാണ് ബസ് ഉടമയ്ക്ക് വിട്ടുനൽകിയത്.