08 December 2023 Friday

മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

ckmnews



തിരുവനന്തപുരം: മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുപി സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിലായി. കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്നും മാങ്കാട് വില്ലേജിൽ കടയ്ക്കൽ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനിൽ താമസിക്കുന്ന എൽ സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലിൽ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന എസ് മുഹമ്മദ് ഷമീർ (28), ഉത്തർപ്രദേശിലെ ഖേരി ജില്ലയിൽ ഗണേഷ്‌പുർ ഖൈരിയിൽ മുഹമ്മദ് റാസാളൾ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരു വർഷമായി പ്രതികൾ നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ വച്ച് കൊച്ചു കുട്ടികളെ പലവട്ടം ലൈംഗിക പീഡനത്തിനു വിധേയരാക്കുകയായിരുന്നുവെന്നാണ് പരാതി. രക്ഷിതാക്കൾ ഇത് ചോദ്യം ചെയ്തെങ്കിലും പ്രതികൾ കുറ്റം സമ്മതിച്ചില്ല. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കാട്ടാക്കട ഡിവൈ എസ് പി ഷിബു, നെടുമങ്ങാട് എസ് എച്ച് ഒ എ ഒ സുനിൽ, എസ് ഐ സുരേഷ് കുമാർ, ഷാജി, സി പി ഒമാരായ സി ബിജു, ദീപ, അജിത്ത് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.