09 May 2024 Thursday

കോഴിക്കോട് എരവന്നൂർ യുപി സ്കൂളിൽ അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ; അധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ

ckmnews


കോഴിക്കോട്: നരിക്കുനി എരവന്നൂർ യുപി സ്കൂളിൽ അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. മറ്റൊരു സ്കൂളിലെ അധ്യാപകനും ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ ടി യു ജില്ലാ ഭാരവാഹിയുമായ ഷാജിയെയാണ് കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഷാജിയെയും അധ്യാപികയും ഭാര്യയുമായ സുപ്രീനയെയും സസ്പെൻഡ് ചെയ്തു

എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകൻ ഉൾപ്പടെയുള്ളവർ നൽകിയ പരാതിയിലാണ് ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജിക്കെതിരെ വകുപ്പ് നടപടിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് ഷാജിയെ സസ്പെൻഡ് ചെയ്തത്.


എരവന്നൂർ യുപി സ്കൂളിലെ അധ്യാപികയായ സുപ്രീനയുടെ ഭർത്താവാണ് ഷാജി. വിദ്യാർഥിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സുപ്രീനയ്ക്കെതിരെ ചൈൽഡ് ലൈനിലും പൊലീസിലും പരാതി ഉണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ ഷാജി ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയത്.


കുന്നമംഗലം എഇഒയാണ് ഷാജിയെ സസ്പെൻഡ് ചെയ്തത്. കൊടുവള്ളി എഇഒ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സുപ്രീനയെയും സസ്പെൻഡ് ചെയ്തു.

സ്റ്റാഫ് മീറ്റിങ് നടക്കുന്ന ഹാളിലേക്ക് ഷാജി കയറിവരുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൈയാങ്കളിയെ തുടർന്ന് മറ്റ് അധ്യാപകർക്ക് പരിക്കേറ്റു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.