09 May 2024 Thursday

അറസ്റ്റില്ല; സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

ckmnews


മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സുരേഷ് ​ഗോപിയെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.

സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സൺറൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. അതേസമയം പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നു. കനത്ത സുരക്ഷയാണ് സ്റ്റേഷൻ പരിസരത്ത് ഏ‍പ്പെടുത്തിയത്.


സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി നൂറുക്കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിച്ചു. ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.


കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ ചുമലിൽ കൈവെക്കുകയായിരുന്നു.