09 May 2024 Thursday

കാണാതാകുമ്പോൾ സൈനബ ധരിച്ചിരുന്നത് പതിനേഴര പവൻ സ്വർണാഭരണങ്ങൾ,ബാഗി‍ൽ 3.50 ലക്ഷം രൂപയും നഷ്ടപ്പെട്ട പണം സ്റ്റേഷനില്‍ നിന്ന് തിരിച്ചു വാങ്ങി; പോലീസിനെയും കബളിപ്പിച്ച് സൈനബ കൊലക്കേസ് പ്രതി

ckmnews


കോഴിക്കോട്:സ്വർണവും പണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയ പ്രതി അറസ്റ്റില്‍. വെള്ളിപറമ്പ് വടക്കേ വീരപ്പൊയിൽ മുഹമ്മദലിയുടെ ഭാര്യ സൈനബയെ (57) കൊലപ്പെടുത്തിയ മലപ്പുറം താനൂർ കുന്നുംപുറം പള്ളി വീട് സമദിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.സമദിന്റെ സഹായി ഗൂഡല്ലൂർ സ്വദേശി സുലൈമാനു വേണ്ടി തിരച്ചിൽ തുടരുകയാണ്.സൈനബയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനായി സമദ് സുലൈമാനുമായി ചേർന്നു കൊലപാതകം നടത്തുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കൊക്കയിൽ തള്ളി എന്ന സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് നാടുകാണി ചുരത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കഴിഞ്ഞ ഏഴിനാണു സൈനബയെ കാണാനില്ലെന്നു ഭർത്താവ് കസബ സ്റ്റേഷനിൽ പരാതി നൽകിയത്.കാണാതാകുമ്പോൾ പതിനേഴര പവൻ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നതായും ബാഗി‍ൽ 3.50 ലക്ഷം രൂപയും, ബാങ്കിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖയും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്ന് സൈനബ സമദിനൊപ്പം കാറിൽ കയറി പോയതായി പൊലീസ് കണ്ടെത്തിയിരുന്നു.സമദും സൈനബയും അടുത്ത പരിചയക്കാരാണ്.സമദിനെ ചോദ്യം ചെയ്തതിൽ നിന്നാണു കൊലപാതക വിവരം പുറത്തറി‍ഞ്ഞത്.സൈനബയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പി.കെ. സമദ് തന്റെ നഷ്ടപ്പെട്ട പണം ഗൂഡല്ലൂരില്‍ സ്റ്റേഷനില്‍നിന്ന് തിരിച്ചുവാങ്ങി പോലീസിനെയും കബളിപ്പിച്ചു. സൈനബയെ കൊന്ന്, കവര്‍ന്ന സ്വര്‍ണം വിറ്റുകിട്ടിയ ഒരുലക്ഷംരൂപ പ്രതി സമദില്‍നിന്ന് കഴിഞ്ഞദിവസം ഗൂഡല്ലൂരില്‍വെച്ച് കളഞ്ഞുപോയിരുന്നു. പിന്നീട് ഇത് മറ്റൊരാള്‍ക്ക് കിട്ടുകയും ഗൂഡല്ലൂര്‍ സ്റ്റേഷനില്‍വെച്ച് പോലീസ് സമദിന് കൈമാറുകയും ചെയ്തു.താനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഹോട്ടല്‍ തുടങ്ങാന്‍ ഗൂഡല്ലൂരിലെ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കളില്‍നിന്ന് കടം വാങ്ങിയ തുകയാണെന്നാണ് ഇയാള്‍ പോലീസിനെ വിശ്വസിപ്പിച്ചിരുന്നത്.


നാടുകാണി ചുരത്തില്‍ സ്ത്രീയെ കൊന്നുതള്ളിയ സംഭവം പുറത്തുവന്നതോടെയാണ് സ്ത്രീയെ കൊന്നശേഷം കവര്‍ന്ന ആഭരണം വിറ്റ തുകയായിരുന്നു ഇതെന്ന് ഗൂഡല്ലൂര്‍ പോലീസ് അറിഞ്ഞത്.വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന തുക കൈമാറല്‍ ചടങ്ങില്‍ കളഞ്ഞുകിട്ടിയ പണം തിരികെയേല്‍പ്പിച്ച ഗൂഡല്ലൂരിലെ വ്യാപാരി മുഹമ്മദലിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് സമദ് വൈകാരികത സൃഷ്ടിച്ചിരുന്നു. ക്രൂരമായ കൊലനടത്തിയശേഷം മറ്റുള്ളവരുടെ മുന്നില്‍ സമദ് അഭിനയിക്കുകയായിരുന്നെന്ന് പിന്നീടാണ് വ്യക്തമായത്. എട്ടാംതീയതിയാണ് ഗൂഡല്ലൂരില്‍ വെച്ച് സമദിന്റെ കൈയില്‍നിന്ന് ഒരുലക്ഷം രൂപ നഷ്ടമായത്.കളഞ്ഞുകിട്ടിയ പണം സ്റ്റേഷനില്‍ ഏല്‍പ്പിച്ച് സത്യസന്ധത തെളിയിച്ച വ്യാപാരിയെ ഡിവൈ.എസ്.പി. ബി. ശെല്‍വരാജിന്റെ നേതൃത്വത്തില്‍ ആദരിക്കുകയും ചെയ്തിരുന്നു