09 May 2024 Thursday

കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ

ckmnews


കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടംഗ മാവോയിസ്റ്റ് സംഘം തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.രാവിലെ 9.30 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘം മാവോയിസ്റ്റുകൾ തമ്പടിച്ചിരുന്ന ടെന്റ് കണ്ടെത്തി. പിന്നാലെ മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് എ ടി എസ് ഡിഐജി പുട്ട വിമലാധിത്യ പറഞ്ഞു . യു എ പി എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും ഡി ഐ ജി വ്യക്തമാക്കി.

മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും ഡി ഐ ജി പറഞ്ഞു. മാവോയിസ്റ്റുകൾക്ക് വേണ്ടി വനത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. നേരത്തെയും ആറളം അയ്യൻകുന്ന് മേഖലയിൽ മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.