09 May 2024 Thursday

കാട്ടാക്കട ഡിപ്പോയിൽ കെഎസ്ആർടിസി ബസിടിച്ച് ബിരുദ വിദ്യാർഥിനി മരിച്ചു

ckmnews


കാട്ടാക്കട (തിരുവനന്തപുരം)∙കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തു നിന്ന ബിരുദ വിദ്യാർഥിനിക്കു നിയന്ത്രണം വിട്ട ബസിടിച്ചു ദാരുണാന്ത്യം. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി പെരുമ്പഴുതൂർ മുട്ടയ്ക്കാട് ചെമ്പകപ്പാറ കിഴക്കേ വട്ടത്ത് പുത്തൻ വീട്ടിൽ ഓട്ടോ ഡ്രൈവർ ബിജു–സുജാത ദമ്പതികളുടെ മകൾ ബി.എസ്.അഭന്യ(18) ആണു  മരിച്ചത്. മൂന്നരമണിയോടെയായിരുന്നു ദുരന്തം. കോളജ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങാനെത്തിയ അഭന്യ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന ലോ ഫ്ലോർ ബസിനും ടെർമിനലിലെ തൂണിനുമിടയിൽ ഞെരിഞ്ഞമരുകയായിരുന്നു. പാർക്കിങ് സ്ഥലത്തു നിന്നു കൊണ്ടുവന്ന ബസിന് എയർ ലീക്ക് മൂലം ബ്രേക്ക് നഷ്ടമായെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പ്ലസ്ടു വിദ്യാർഥി അഭിജിത് ആണ്  സഹോദരൻ. അപകടത്തെത്തുടർന്നു  വിദ്യാർഥികൾ ഡിപ്പോ ഉപരോധിച്ചു. എം.പാനൽ ഡ്രൈവറായ മൈലോട്ടുമൂഴി രാമചന്ദ്ര വിലാസത്തിൽ പ്രേമചന്ദ്രനെ(49) പൊലീസ് കസ്റ്റഡിയിലെടുത്തു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി‌യ ശേഷമാണ് ഉപരോധം അവസാനിച്ചത്