09 May 2024 Thursday

25 കുടുംബങ്ങള്‍ക്ക് ഇനി സിപിഎം കരുതലിന്‍റെ തണൽ; കൂട്ടിക്കലില്‍ മുഖ്യമന്ത്രി താക്കോല്‍ കൈമാറി

ckmnews



കോട്ടയം: രണ്ടു വർഷം മുമ്പ് പ്രകൃതി ക്ഷോഭത്തിൽ കിടപ്പാടം നഷ്ടമായ കൂട്ടിക്കലിലെ 25 കുടുംബങ്ങള്‍ക്ക് സിപിഎം നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വെല്ലുവിളികൾ നേരിടുമ്പോൾ പിന്തുണയും സാന്ത്വനവുമായി ചുറ്റുമുള്ളവരെത്തുന്നത് ഉന്നതമായ മനുഷ്യസ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതിഫലനമാണ്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവർഷം മുൻപ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സി പി എം കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മിച്ചുനൽകിയ 25 വീടുകൾ കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷൻ വഴി വീട് ലഭ്യമാക്കിയത്. സർക്കാരിന്റെ ഈ ജനകീയ വികസനനടപടികൾക്ക് കൂട്ടിക്കലിൽ യാഥാർത്ഥ്യമായ 25 വീടുകൾ കരുത്തുപകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2 കിടപ്പ് മുറികളും ഹാളും, അടുക്കളയും, സിറ്റൗട്ടും, ബാത്ത് റൂമും, അടങ്ങുന്ന വീടുകളാണ് പണി തിര്‍ത്തത്. റോഡ്, വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയാണ് വീടുകള്‍ ഗുണഭോക്താക്കള്‍ക്കായി കൈമാറുന്നത്. 24 വീടുകള്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.


ഒന്നാം നമ്പര്‍ വീട് മാതാപിതാക്കള്‍ നഷ്ടമായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വിസ്മയക്കാണ് നറുക്കെടുപ്പില്ലാതെ നല്‍കിയത്. കൂട്ടിക്കല്‍ ടൗണ്‍ വാര്‍ഡിലെ തേന്‍പുഴയില്‍ രണ്ടേക്കര്‍ പത്ത് സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിര്‍മാണം ആരംഭിച്ചത്. 2021 ഒക്ടോബര്‍ 16 ന് കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിൽ പ്രകൃതി ക്ഷോഭം കനത്ത നാശം വിതച്ചത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കൂട്ടിക്കലില്‍ ഒരു ഗ്രാമം ഏതാണ്ട് പൂര്‍ണമായി തകർന്ന ദുരന്തത്തിൽ 13 പേരാണ് മരിച്ചത്.

ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സെക്രട്ടറിയേറ്റംഗങ്ങളായ മന്ത്രി വി എന്‍ വാസവന്‍, കെ കെ ജയചന്ദ്രന്‍, പി കെ ബിജു, മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, കെ ജെ തോമസ്, സിപിഎം ജില്ലാ സെക്രട്ടറി എവി റസൽ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.രാജേഷ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ തുടങ്ങിയവര്‍ പങ്കെടുത്തു.