09 May 2024 Thursday

പോക്സോ കേസ് അതിജീവിതയുടെ വ്യക്തിഗതവിവരങ്ങൾ വെളിപ്പെടുത്തിയെന്ന് പരാതി വൈക്കം തഹസിൽദാർക്കെതിരേ അന്വേഷണം നടത്താന്‍ നിര്‍ദേശം

ckmnews

പോക്സോ കേസ് അതിജീവിതയുടെ വ്യക്തിഗതവിവരങ്ങൾ വെളിപ്പെടുത്തിയെന്ന് പരാതി


വൈക്കം തഹസിൽദാർക്കെതിരേ അന്വേഷണം നടത്താന്‍ നിര്‍ദേശം


ആലപ്പുഴ: ആലപ്പുഴ അരൂരിൽ പോക്സോ കേസ് ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്ന പരാതിയിൽ വൈക്കം തഹസിൽദാർക്കെതിരേ അന്വേഷണം നടത്താൻ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. ആലപ്പുഴ സി.ഡബ്ല്യൂ.സി. ചെയർപേഴ്സൺ അരൂർ, വൈക്കം സിഐമാർക്കാണ് നിർദേശം നൽകിയത്.വൈക്കം തഹസിൽദാർ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കൈക്കൂലി ആവശ്യപ്പെട്ടത് വിജിലൻസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് മജിസ്ട്രേറ്റിന്റെ ചുമതലകൂടിയുള്ള തഹസിൽദാർ ക്രൂരത കാട്ടിയതെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം വാർത്തയായതുപിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.


വാർത്തവന്നതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് കഴിഞ്ഞ ദിവസംതന്നെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതിനുപിറകെയാണ് ഇപ്പോൾ സിഡബ്ല്യൂസിക്ക് നൽകിയ പരാതിയിലും നടപടി ഉണ്ടായിരിക്കുന്നത്. സിഡബ്ല്യൂസിക്ക് ലഭിച്ച പരാതി അരൂർ സിഐയ്ക്ക് കൈമാറി. അരൂർ സിഐ കേസ് വൈക്കം സിഐക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായാണ് വൈക്കം പോലീസ് അറിയിക്കുന്നത്.