09 May 2024 Thursday

അധ്യാപികയായ യുവതിയും മകളും മരിച്ച സംഭവം; ആത്മഹത്യാപ്രേരണയ്ക്ക് സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

ckmnews


പൊയിനാച്ചി: അധ്യാപികയായ യുവതിയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും സുഹൃത്തും അധ്യാപകനുമായ യുവാവ് അറസ്റ്റിൽ. ബാര എരോൽ ജുമാ-മസ്ജിദിന് സമീപത്തെ സഫ്വാൻ ആദൂരിനെ (29) ആണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തത്.

കളനാട് അരമങ്ങാനത്തെ യുവതിയുടെയും അഞ്ചുവയസ്സുള്ള മകളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കഴിഞ്ഞ സെപ്റ്റംബർ 15-നാണ് വീടിനുസമീപത്തെ കിണറ്റിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കാസർകോട് ജനറൽ ആസ്പത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്ന് വ്യക്തമായിരുന്നു.


യുവതിയുടെ ബന്ധുക്കൾ നൽകിയ മൊഴിയിലാണ് സഫ്വാനിലേക്ക് അന്വേഷണമെത്തിച്ചത്. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സഫ്വാനുമായി യുവതി ഒൻപതുവർഷമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ ചാറ്റ് ഹിസ്റ്ററി നശിപ്പിച്ച നിലയിലായിരുന്നു. സഫ്വാൻ വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെതുടർന്ന് വഴക്കുണ്ടായിരുന്നുവെന്നും വിവാഹത്തിന് തൊട്ടുമുൻപാണ് ആത്മഹത്യയെന്നും പോലീസ് കണ്ടെത്തി.യുവതിയെ കാണാതായ വിവരമറിഞ്ഞയുടൻ അരമങ്ങാനത്തെ വീട്ടിലെത്തിയ സഫ്വാൻ ബന്ധുക്കളുമായുള്ള പരിചയം മുതലെടുത്ത് തന്ത്രപൂർവം മൊബൈൽഫോൺ കൈക്കലാക്കി ചാറ്റ് ഹിസ്റ്ററിയും ഫോട്ടോകളും നശിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.


കോടതിക്ക് റിപ്പോർട്ട് നൽകിയശേഷം മൊഴിയെടുക്കുന്നതിന് ബുധനാഴ്ച മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഫ്വാനെ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റുചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു.

അന്വേഷണസംഘത്തിൽ എസ്.ഐ. വി.കെ. വിജയൻ, സീനിയർ സിവിൽ പോലീസുകാരായ കെ. പ്രദീപ്കുമാർ, വി. സീമ, സി.പി.ഒ. കെ.വി. പ്രശാന്തിനി എന്നിവരും ഉണ്ടായിരുന്നു.