09 May 2024 Thursday

പാലായിലെ പൊലീസ് മർദ്ദനം; രണ്ട് പൊലീസുകാർക്കെതിരെ കേസ്

ckmnews


പാലായിലെ പൊലീസ് മർദനം പൊലീസുകാർക്കെതിരെ നടപടി. രണ്ട് പേർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി പാർത്ഥിവിന്റെ പരാതിയിലാണ് കേസ്. വകുപ്പ് തല നടപടി പിന്നീടുണ്ടാവും. എസ്പി നൽകിയ റിപ്പോർട്ട്‌ ഡിഐജിയുടെ പരിഗണനയിലാണ്.​പൊലീസിനുണ്ടായത് ​ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറി. പൊലീസ് ഉദ്യോ​ഗസ്ഥർ മുൻവിധിയോടെ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പരാമ‍ർശമുണ്ട്.


അകാരണമായി പാലാ പൊലീസ് മർദിച്ചെന്നായിരുന്നു പെരുമ്പാവൂർ സ്വദേശി പാർത്ഥിവിൻ്റെ പരാതി. ഗുരുതര പരുക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.


ആരോപണം പാല പൊലീസ് നിഷേധിച്ചിരുന്നു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയിൽ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞ്. എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പൊലീസ് വാദങ്ങളെ തള്ളുന്ന റിപ്പോർട്ടായിരുന്നു എസ്പിയുടേത്. ഇതിനു പിന്നാലെയാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.