09 May 2024 Thursday

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം; അനിൽ ആന്റണിക്കെതിരെ കേസ്

ckmnews


സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്. കാസർഗോഡ് കുമ്പളയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ തർക്കത്തിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചതിനാണ് കേസ്. കാസർഗോഡ് സൈബർ പൊലീസാണ് കേസെടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.


സ്‌റ്റോപ്പിൽ നിർത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനികളുടെ വിഡിയോയാണ് വർഗീയ മാനത്തോടെ അനിൽ ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിന്റെ കുറിപ്പ്.


ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. എന്നാല്‍ വീഡിയോയുടെ വസ്തുത പുറത്തുവന്നതോടെ അനില്‍ ആന്റണി എയറിലായി. രൂക്ഷ വിമര്‍ശനമാണ്

സമൂഹമാധ്യമങ്ങളിൽ അനിൽ ആന്റണിക്കെതിരെ ഉണ്ടായത്.


സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് പതിവായതോടെ ബസ് തടഞ്ഞ വനിതാ കോളേജിലെ വിദ്യാർത്ഥിനികളാണ് വീഡിയോയിലുള്ളത്. കാസർകോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്ക്കര നഗറിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനികളാണ് ബസ് തടഞ്ഞത് ചോദ്യം ചെയ്ത ഒരു സ്ത്രീയുമായുള്ള വാക്ക് തർക്കമാണ് അനില്‍ ആന്റണി അടക്കം നിരവധി സമൂഹമാധ്യമ അകൗണ്ടുകളിലൂടെ വ്യാപകമായി കേരളത്തിനെതിരെ പ്രചരിപ്പിച്ചത്.