09 May 2024 Thursday

റോഡില്‍ തീപ്പൊള്ളലേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം; സംഭവം കൊല്ലം കുണ്ടറയില്‍

ckmnews


കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പേരയത്തെ കടയിൽനിന്ന് തിന്നർ വാങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം. ഉച്ചയ്ക്ക് ഒരുമണിയോടെ വഴിയാത്രക്കാരനാണ് യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.

ആൾപ്പെരുമാറ്റം നന്നേ കുറവായ പ്രദേശത്തായിരുന്നു മൃതദേഹം. 12 മണിയോടെ ആത്മഹത്യ ചെയ്തിട്ടുണ്ടായിരിക്കുമെന്നാണ് നിഗമനം. 11.50-ഓടെ സൂര്യ പ്രധാന റോഡിലൂടെ കടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമായിരുന്നു. തുടർന്ന് ആൾത്തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.

മൃതദേഹം തിരിച്ചറിയാനാവാത്ത വിധമായിരുന്നതിനാൽ ആളെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. തുടർന്ന് സമീപത്ത് നടത്തിയ പരിശോധനയിൽ ബാഗും തീപ്പെട്ടിയും ഇന്ധനം കൊണ്ടുവന്ന കുപ്പിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൂര്യയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. അച്ഛൻ പാലിയേറ്റീവ് കെയറിൽ പ്രവർത്തിക്കുന്നു. ഇവരുടെ ഏക മകളായിരുന്നു സൂര്യ. കുണ്ടറ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സൂര്യ ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.