09 May 2024 Thursday

'ടിക്കറ്റെടുത്ത് തിയേറ്ററിൽ കയറും, ലൈറ്റ് ഓഫ് ആയാൽ അർദ്ധനഗ്നനാകും'; ലക്ഷ്യം സിനിമയല്ല മോഷണം, കള്ളൻ സിസിടിവിയിൽ

ckmnews


തിരുവനന്തപുരം: സിനിമ തിയേറ്റർ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനായി വലവിരിച്ച് പൊലീസ്. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയവരുടെ പഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തീയേറ്ററിൽ മോഷണം നടത്തുന്ന കള്ളനെ സി.സി.ടി.വി.യുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്.  ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറിയ യുവാവ്  സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ പിന്നെ അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. 


സിസിടിവിയിൽ കുടുങ്ങിയ കള്ളനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളിൽ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കും. സിനിമ തുടങ്ങിക്കഴിഞ്ഞാൽ വസ്ത്രങ്ങൾ ഊരിമാറ്റി അർധനഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി സിനിമ കാണാനെത്തിയവരുടെ പഴ്‌സ് മോഷ്ടിക്കും. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും.


ഗംഗ തിയേറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയ ഏതാനും യുവതികളുടെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു. തിയേറ്ററിൽ അറിയിച്ചതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ തിയേറ്റർ അധികൃതർ ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആരും പരാതിയൊന്നും നല്കിയിട്ടില്ലെന്ന് ഇൻസ്പെക്ടർ മുരളീകൃഷ്ണ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.