09 May 2024 Thursday

മർദനക്കേസിൽ 24 വർഷം ഒളിവിൽ കഴിഞ്ഞ സ്ത്രീ അറസ്റ്റിൽ

ckmnews


ചെങ്ങന്നൂർ∙ 24 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ വനിതയെ വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് കടയിക്കാട് കവലക്കൽ വടക്കേതിൽ സലിമിന്റെ ഭാര്യ സലീന (രാധിക കൃഷ്ണൻ–50)യാണ് അറസ്റ്റിലായത്. സലീനയും സലിമും ചേർന്ന് സലിമിന്റെ ആദ്യ ഭാര്യയെ മർദിച്ചതിനു 1999ൽ വെൺമണി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.  

  കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ, തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്ത് ഏറെക്കാലം ഒളിവിൽ കഴിഞ്ഞു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ചു സലീന എന്ന പേര് ഗസറ്റ് വിജ്ഞാപനം വഴിമാറ്റി രാധിക കൃഷ്ണൻ എന്നാക്കി മാറ്റി. അതിനുശേഷം തിരുവനന്തപുരം, ശ്രീകാര്യം, പോത്തൻകോട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. 


 പലതവണ കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 2008ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വെൺമണി പൊലീസിനു വിവരം ലഭിച്ചത്. ഇതിനിടെ ബെംഗളൂരുവിൽ നിന്നും കൊല്ലകടവിലെ വീട്ടിലെത്തിയ പ്രതിയെ ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ സ്പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.