09 May 2024 Thursday

പോലീസ് ചമഞ്ഞ് യുവാക്കളെ തടഞ്ഞുനിര്‍ത്തി പണം തട്ടി; നാലുപേര്‍ അറസ്റ്റില്‍

ckmnews


വരാപ്പുഴ: പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ നാലുപേരെ വരാപ്പുഴ പോലീസ് പിടികൂടി. കോട്ടുവള്ളി സ്വദേശികളായ കല്ലൂരു വീട്ടിൽ സഖിൽ (42), കളത്തിപ്പറമ്പിൽ വീട്ടിൽ നയ്സിൽ (43), പുറ്റുകുറ്റിക്കൽ വീട്ടിൽ ഉല്ലാസ് (35), മാമ്പ്ര വീട്ടിൽ തോമസ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കളെ കോട്ടുവള്ളി ആറാട്ടുകടവ് പാലത്തിൽ തടഞ്ഞുനിർത്തി പോലീസാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ആറായിരം രൂപ തട്ടിയെടുത്തതായാണ് കേസ്.


വരാപ്പുഴ സ്റ്റേഷൻ ഓഫീസർ പ്രശാന്ത് ക്ലിന്റ്, എസ്.ഐ. എസ്. സന്തോഷ്, ഉദ്യോഗസ്ഥരായ ജോസഫ്, സുജിത്ത്, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.