09 May 2024 Thursday

കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി, 12.48 ഏക്കർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറും

ckmnews


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 12.48 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഉടന്‍ കൈമാറും. ഭൂവടമകള്‍ക്ക് അവശേഷിക്കുന്ന നഷ്ടപരിഹാര തുക രണ്ട് ദിവസത്തിനകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറച്ച് റണ്‍വേ ആന്‍റ് സേഫ്റ്റി ഏരിയ ദീര്‍ഘിപ്പിക്കുമെന്ന് നേരത്തെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കിയത്. വിമാനത്താവള വികസനത്തിന് വേണ്ടി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 12.48 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 76 ഭൂവുടമകള്‍ക്കായി 72 കോടി 85 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഇതില്‍ 43.5 കോടി രൂപ കൈമാറിക്കഴിഞ്ഞു. അവശേഷിക്കുന്ന 27 കോടി രൂപ രണ്ട് ദിവസത്തിനുള്ളില്‍ ഭൂവുടമകളുടെ അക്കൗണ്ടിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടു നല്‍കിയ കുടുംബങ്ങളേയും ഏറ്റെടുക്കല്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരേയും കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.