09 May 2024 Thursday

സഹോദരിമാരായ കുഞ്ഞുങ്ങളെ പീഡിപ്പിച്ച കൊല്ലം സ്വദേശിക്ക് രണ്ടു കേസുകളിലായി 204 വർഷം തടവ്

ckmnews



പത്തനംതിട്ട: കുഞ്ഞുങ്ങളായ സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ച കേസുകളിൽ യുവാവിന് 204 വർഷത്തെ കഠിന തടവും പിഴയും. രണ്ട് പോക്സോ കേസുകളിലായാണ് ശിക്ഷ. എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വർഷം കഠിനതടവും 4,20,000 രൂപാ പിഴയും സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വർഷത്തെ കഠിന തടവും നാല് ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്.

പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടയ്‌ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെ (32) ആണ് ശിക്ഷിച്ചത്‌. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സമീറാണ് രണ്ട് കേസുകളിലായി 204 വർഷത്തെ കഠിന തടവിന് വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴതുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ ഒന്നാം പ്രതിയാണ് വിനോദ്. രണ്ടാം പ്രതി അടുത്ത ബന്ധുവായ രാജമ്മയെ താക്കീത് നൽകി കോടതി വിട്ടയച്ചു. അതിജീവതയുടെ സഹോദരിയായ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 11നാണ് കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചത്.

2020- 2021 കാലയളവിൽ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്‌ കേസ്‌. ഇയാൾ ഏനാദിമംഗലത്ത് താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് മൂന്നര വയസുകാരിയെ പീഡിപ്പിച്ചത്. 2021ൽ അടൂർ പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് ആണ് കേസ് അന്വേഷിച്ചത്‌. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്ട് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത പി ജോൺ ഹാജരായി.മൂത്തകുട്ടി രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍, വീട്ടില്‍വെച്ച് അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കുന്നതനിടെ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കി. ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ അടൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.