09 May 2024 Thursday

നിയമന കോഴക്കേസിൽ വഴിത്തിരിവ്; അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ല, ഹരിദാസന്റെ കുറ്റസമ്മത മൊഴി

ckmnews

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ആരോ​ഗ്യമന്ത്രിയുടെ  പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് കേസിലെ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മത മൊഴി. ജോലി വാ​ഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് പൊലീസ്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. കന്റോൺമെൻറ് പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പൊലീസ് പറഞ്ഞു.