09 May 2024 Thursday

ഒക്ടോബറിൽ മഴ തകർക്കും, കാലാവസ്ഥ പ്രവചനത്തിൽ കേരളത്തിന് പ്രതീക്ഷ! കാലവർഷത്തിലെ 34% നിരാശ തുലാവർഷം തീർക്കും

ckmnews

ഒക്ടോബറിൽ മഴ തകർക്കും, കാലാവസ്ഥ പ്രവചനത്തിൽ കേരളത്തിന് പ്രതീക്ഷ! കാലവർഷത്തിലെ 34% നിരാശ തുലാവർഷം തീർക്കും


തിരുവനന്തപുരം: ഇക്കുറി കാലവർഷം നിരാശപ്പെടുത്തിയെങ്കിൽ തുലാവർഷം കേരളത്തിന് ആശ്വാസമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നാണ് 2023 ൽ അനുഭവപ്പെട്ടതെങ്കിൽ ഇത്തവണത്തെ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.


ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നായിരുന്നു 2023 ലെ കാലവർഷം. ജൂൺ 1 ന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 34% മഴകുറവാണ് രേഖപ്പെടുത്തിയത്. 2023 കാലവർഷത്തിൽ 2018.6 മി മീ മഴ ലഭിക്കേണ്ടതാണ്. എന്നാൽ ലഭിച്ചതാകട്ടെ 1326.1 മി മീ മഴ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 123 വർഷത്തെ ചരിത്രത്തിൽ 1918 നും 76 നും ശേഷം ഏറ്റവും കുറവ്  മഴ ലഭിച്ച മൂന്നാമത്തെ കാലവർഷം എന്ന് സാരം. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. വയനാട് ( 55% കുറവ് ) ഇടുക്കി ( 54% കുറവ് ) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഈ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ ഏറ്റവും കുറവ് മഴയാണ് ഇക്കുറി ലഭിച്ചത്. കാസർകോടാണ് ഇത്തവണത്തെ കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. എന്നാൽ അവിടെ പോലും പ്രതീക്ഷിച്ചതിലും വലിയ കുറവായിരുന്നു മഴയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ (2272 മി മീ) 20% കുറവാണ് രേഖപ്പെടുത്തിയത്.