09 May 2024 Thursday

ബിവറേജസ് മദ്യവിൽപനശാലകൾ ഇന്ന് രാത്രി 7 മണിവരെ മാത്രം; അടുത്ത രണ്ടു ദിവസം അവധി

ckmnews


.തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകൾ ഇന്ന് രാത്രി 7 മണിവരെ മാത്രം. അർധവാർഷിക കണക്കെടുപ്പ് നടക്കുന്നതിനാലാണ് നേരത്തെ അടയ്ക്കുന്നത്. കണക്കെടുപ്പ് പ്രമാണിച്ച് ഒക്ടോബർ 1 (ഞായർ)നും മദ്യവിൽപന ശാലകൾ തുറക്കില്ല. ഗാന്ധി ജയന്തിയായതിനാൽ ഒക്ടോബർ 2(തിങ്കൾ)നും അടഞ്ഞുതന്നെ കിടക്കും.

അതേസമയം, ഇനി ബെവ്കോ വിൽപനശാലകൾ തുറക്കുന്ന ചൊവ്വാഴ്ച മുതല്‍ വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില വർധിക്കും. 11 മുതൽ 12 ശതമാനം വർധനയാണ് ഒക്ടോബർ മൂന്നു മുതൽ നിലവിൽ വരിക. 26 ശതമാനം വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും കുറഞ്ഞ അളവിൽ വർധന വരുത്തിയാൽ മതിയെന്ന് ബിവറേജസ് കോർപറേഷൻ തീരുമാനിക്കുകയായിരുന്നു.

മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍ നിന്നും 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഷോപ്പ് മാര്‍ജിന്‍ ആറ് ശതമാനം മാത്രം മതിയെന്ന് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.ഇന്ത്യന്‍ നിര്‍മിത വിദ്യേശ മദ്യം വില്‍ക്കുമ്പോള്‍ വെയര്‍ഹൗസ് മാര്‍ജിനായി 9 ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും തുക ബെവ്‌കോയ്ക്ക് ലഭിക്കുന്നുണ്ട്. ഇതിനു പുറമെയാണ് വിദേശ നിര്‍മിത മദ്യങ്ങള്‍ക്കും മാര്‍ജിനുയര്‍ത്താന്‍ തീരുമാനിച്ചത്.എന്നാല്‍ കേരളത്തില്‍ വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന കുറവായതിനാല്‍ വിപണിയില്‍ വിലവര്‍ധന വലിയതോതില്‍ പ്രതിഫലിക്കില്ല. മൊത്തം വില്‍പ്പനയുടെ 0.25 ശതമാനം മാത്രമാണ് വിദേശ മദ്യത്തിന്റെ വില്‍പന.2022-23 സാമ്പത്തിക വർഷത്തിൽ 150.58 കോടി രൂപയുടെ വിദേശ നിർമിത മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. സമാന കാലയളവിൽ ബെവ്കോയുടെ മൊത്തം മദ്യ വിൽപ്പന 18,511.92 കോടി രൂപയുടേതാണ്.