09 May 2024 Thursday

‘നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം’; മന്ത്രിമാർക്കും ആരോഗ്യപ്രവര്‍ത്തകർക്കും അഭിനന്ദനം; മുഖ്യമന്ത്രി

ckmnews



നിപ രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടിയിരിക്കുന്നു. നിപ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും മന്ത്രിതലസംഘത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാലുപേരുടെയും പരിശോധനാഫലങ്ങള്‍ ഡബിള്‍ നെഗറ്റീവായി. മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം ഒന്നിച്ചു നിന്നുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. പ്രതിസന്ധികളെ ഒരുമിച്ചുനിന്ന് നേരിടാന്‍ ഈ സന്നദ്ധത ശക്തി പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ വലിയ യജ്ഞത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും ആരോഗ്യ മന്ത്രിയുള്‍പ്പെട്ട മന്ത്രിതലസംഘത്തിനും പ്രാദേശിക കൂട്ടായ്മകള്‍ക്കും അഭിനന്ദനങ്ങള്‍. നിപ പോലൊരു മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളമാകെ ഒന്നിച്ചു നിന്നുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. പ്രതിസന്ധികളെ ഒരുമിച്ചുനിന്ന് നേരിടാന്‍ ഈ സന്നദ്ധത നമുക്ക് ശക്തി പകരുമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്:


കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകള്‍ വന്നിരിക്കുന്നു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒന്‍പത് വയസ്സുകാരന്‍ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങള്‍ ഡബിള്‍ നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടിയിരിക്കുന്നു.


നിപ രോഗബാധയുടെ സംശയമുയര്‍ന്ന പ്രാരംഭഘട്ടത്തില്‍ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാന്‍ നമുക്ക് സാധിച്ചു. 2018 ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തുനല്‍കി. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരെയും ദ്രുതഗതിയില്‍ ഐസൊലേറ്റ് ചെയ്യാനും നിരീക്ഷണ സംവിധാനത്തില്‍ കൊണ്ടുവരാനും സാധിച്ചത് നിപ ബാധയുടെ തീവ്രത കുറക്കാന്‍ സഹായകമായി.

ഈ വലിയ യജ്ഞത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും ആരോഗ്യ മന്ത്രിയുള്‍പ്പെട്ട മന്ത്രിതലസംഘത്തിനും പ്രാദേശിക കൂട്ടായ്മകള്‍ക്കും അഭിനന്ദനങ്ങള്‍. നിപ പോലൊരു മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളമാകെ ഒന്നിച്ചു നിന്നുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. പ്രതിസന്ധികളെ ഒരുമിച്ചുനിന്ന് നേരിടാന്‍ ഈ സന്നദ്ധത നമുക്ക് ശക്തി പകരും.