09 May 2024 Thursday

നായ വളര്‍ത്തലിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം; തന്നെ കുടുക്കിയതെന്ന് പ്രതി, 'വീട്ടിൽ കഞ്ചാവ് വെച്ചത് സുഹൃത്ത്'

ckmnews


കോട്ടയം: താന്‍ നിരപരാധിയാണെന്ന് നായ വളര്‍ത്തലിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസില്‍ അറസ്റ്റിലായ റോബിൻ ജോർജ്. തന്നെ കുടുക്കിയതാണെന്നെന്നും അനന്തു പ്രസന്നൻ എന്ന സുഹൃത്താണ് തന്‍റെ വാടക വീട്ടിൽ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതെന്നുമാണ് റോബിൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. അനന്തു ഒളിവിൽ ആണെന്നും റോബിൻ പറയുന്നു. തെളിവെടുപ്പിനിടയാണ് റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.  


കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന റോബിൻ ജോർജിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു. പ്രതിയെ തേടി ചെന്ന പൊലീസുദ്യോഗസ്ഥര്‍ പ്രത്യേക പരിശീലനം ലഭിച്ച വിദേശ ഇനം നായകളുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.