09 May 2024 Thursday

കൊല്ലത്തെ കലാപശ്രമക്കേസ്; സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

ckmnews


കൊല്ലം കടയ്ക്കലിലെ കലാപശ്രമക്കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ചാണപ്പാറ സ്വദേശിയും സൈനികനുമായ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തികരിക്കും. പ്രശസ്തി നേടി ജോലിയിൽ മികച്ച സ്ഥാനം നേടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്ന പ്രതികളുടെ മൊഴിയിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തും. സൈനിക തലത്തിൽ ഷൈൻ കുമാറിനെതിരായ നടപടി വൈകാതെയുണ്ടാകും

സൈനികന്റെ ശരീരത്തിൽ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയിരുന്നു. പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത് സുഹൃത്ത് ജോഷിയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടിൽ നിന്ന് ചാപ്പക്കുത്താൻ ഉപയോഗിച്ച പെയിന്റ് കണ്ടെത്തി. മദ്യലഹരിയിൽ ചെയ്തതാണെന്ന് മൊഴി.


അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനിൽ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേർന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈൻ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.


കൊല്ലം ജില്ലയിലെ കടയ്ക്കലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷർട്ട് കീറി. മുതുകിൽ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നായിരുന്നു സൈനികന്റെ പരാതി. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തി വരികയായിരുന്നു. സൈനികൻ സ്വയം ശരീരത്തിൽ പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.