09 May 2024 Thursday

തീയേറ്ററിലെ വാക്ക് തര്‍ക്കം കലാശിച്ചത് വടിവാൾ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു;തിരുവല്ലയില്‍ യുവാക്കൾ അറസ്റ്റിൽ

ckmnews

തീയേറ്ററിലെ വാക്ക് തര്‍ക്കം കലാശിച്ചത് വടിവാൾ ആക്രമണത്തിൽ 


മൂന്ന് പേർക്ക് വെട്ടേറ്റു;തിരുവല്ലയില്‍ യുവാക്കൾ അറസ്റ്റിൽ


പത്തനംതിട്ട: സിനിമ തീയേറ്ററിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. പാണ്ടനാട് സ്വദേശി സുധീഷ്, പ്രതികളെ ഒളിവിൽ താമസിപ്പിച്ച കീഴ്‌ച്ചേരി മേൽ സ്വദേശി സുജിത്ത് കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ കടപ്ര സ്വദേശി നിഷാദ് ഒളിവിലാണ്. സിനിമ കാണുമ്പോൾ തുടങ്ങിയ വാക്ക് തർക്കമാണ് ഒടുവിൽ വടിവാൾ ആക്രമണത്തിൽ കലാശിച്ചത്. പരുമല സ്വദേശികളായ മൂന്ന് പേരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.


തിരുവല്ല കടപ്രയിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയായി. ഇതേത്തുടർന്ന് ജീവനക്കാർ ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയ പരുമല സ്വദേശികളെ ഒന്നാംപ്രതി സുധീഷും കൂട്ടുപ്രതി നിഷാദും ചേർന്ന് വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.


എന്നാൽ സംഭവമറിഞ്ഞ് പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തും മുമ്പ് വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ച് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോയ മുഖ്യ പ്രതി സുധീഷിനെ ചെങ്ങന്നൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ ഒളിവിൽ താമസിപ്പിച്ചതിനാണ് സുജിത്ത് കൃഷ്ണനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സുധീഷിനെതിരെ അഞ്ച് വധശ്രമ കേസുകൾ അടക്കം പത്തോളം ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോഴും ഒളിവിലുള്ള രണ്ടാം പ്രതി നിഷാദിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.