09 May 2024 Thursday

കോഴിക്കോട് പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച മോഷണ സംഘം പിടിയില്‍

ckmnews


കോഴിക്കോട് പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച മോഷണ സംഘം പിടിയില്‍. മൂന്നംഗ സംഘത്തെയാണ് സാഹസികമായി മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. പിടിയിലായ കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ്, കിണാശ്ശേരി സ്വദേശി അക്ഷയ്, കല്ലായി സ്വദേശി ഷിഹാല്‍ എന്നിവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് പൊലിസ് വ്യക്തമാക്കി. പ്രതിയായ 20 വയസ്സുകാരന്‍ തായിഫിന് നേരെയുള്ളത് 29 കേസുകളാണ്. പ്രായപൂര്‍ത്തി ആവുന്നതിന് മുന്‍പെയാണ് കൂടുതല്‍ കേസുകളും. പ്രതിക്ക് നേരെ കാപ്പ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചതായി മെഡിക്കല്‍ കോളേജ് എ സി പി വ്യക്തമാക്കി.

പ്രതികള്‍ ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിയത്. ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘം ഇതിനിടെ കൊടുവള്ളിയിലെത്തി മൊബൈല്‍ ഷോപ്പിലും കവര്‍ച്ച നടത്തി. പിന്തുടര്‍ന്ന് എത്തിയ പൊലിസ് രണ്ട് പേരെ പിടികൂടിയെങ്കിലും പൊലീസ് ഡ്രൈവറായ സന്ദീപിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് മുഖ്യപ്രതി കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് രക്ഷപ്പെട്ടു. പ്രദേശത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതി കടന്നു കളഞ്ഞത്.പിന്നിട് പ്രതിയെ മാനാഞ്ചിറക്ക് സമീപത്തെ കോംട്രസ്റ്റിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു.പള്‍സര്‍ ബൈക്ക് മോഷണമാണ് പ്രതികള്‍ക്ക് താല്‍പര്യമെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളുടെ ലഹരി പെയോഗം ഉള്‍പ്പെടെ പൊലിസ് പരിശോധിക്കുന്നുണ്ട്.