09 May 2024 Thursday

സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രി

ckmnews


സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആധുനിക കേരളത്തിന് അടിത്തറ പാകിയ അദ്ദേഹം കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമാധി ദിനത്തില്‍ ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-


ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു.

താന്‍ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. അധ:സ്ഥിത വിഭാഗങ്ങളോട് സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജാതി നിബദ്ധമായ ഫ്യൂഡല്‍ അധികാര കേന്ദ്രങ്ങളെ ഗുരു ദര്‍ശനങ്ങള്‍ ചോദ്യം ചെയ്തു.

സമൂഹത്തില്‍ രൂഢമൂലമായ ജാതീയതയെ നിര്‍വീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലകളിലേക്കിറങ്ങാനായിരുന്നു കീഴാള ജനതയോടുള്ള ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം. വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തി സ്വാശ്രയത്വത്തിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

ജാതി വിരുദ്ധ – മതനിരപേക്ഷ ചിന്തകളെ കേരള സാമൂഹ്യ പരിസരങ്ങളില്‍ അനുസ്യൂതം പ്രസരിപ്പിച്ച ദര്‍പ്പണങ്ങളാണ് ഓരോ ഗുരു ദര്‍ശനങ്ങളും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ സവര്‍ണ്ണ പൗരോഹിത്യത്തോടുള്ള ശ്രീനാരായണ ഗുരുവിന്റെ തുറന്ന വെല്ലുവിളിയും താക്കീതുമായിരുന്നു. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറയെ ഇളക്കിമാറ്റാന്‍ പോന്ന വിധമായിരുന്നു ഗുരുവിന്റെ വാക്കും പ്രവൃത്തിയും. ശ്രീനാരായണഗുരുവിന്റെ ഓര്‍മ്മ, സമത്വത്തിലധിഷ്ഠിതമായ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.