09 May 2024 Thursday

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീനെ പ്രതിചേർക്കാൻ ഇഡി

ckmnews


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻമന്ത്രി എസി മൊയ്തീനെ പ്രതിചേർക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മൊയ്തീനെതിരായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് ഇഡി വിലയിരുത്തൽ.

അതേസമയം, ഓഫീസിൽ പോലീസെത്തിയതിൽ ഇഡിയ്ക്ക് കടുത്ത അതൃപ്തിയാണ്. മുന്നറിയിപ്പില്ലാതെ പൊലീസെത്തിയതാണ് ഇഡിയെ ചൊടിപ്പിച്ചത്. ഡൽഹിയിൽ നിന്നുള്ള തീരുമാന പ്രകാരം തുടർനടപടിയെടുക്കും.


പി.സതീഷ്കുമാറിന് കണ്ണൂരിലും നിക്ഷേപമുണ്ട്. കണ്ണൂർ പേരാവൂരിലെ ഒരു സഹകരണ സൊസൈറ്റിയിൽ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലാണ് നിക്ഷേപം. നിക്ഷേപങ്ങൾക്കൊന്നിനും കെവൈസി ഇല്ലെന്നാണ് വിവരം. കണ്ണൂരിൽ നിന്ന് ഇഡി രേഖകൾ ശേഖരിച്ചു.


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തിയിരുന്നു. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇഡി വിചാരണ കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പി.സതീഷ്കുമാറാണ് ഇടപാടിന് ചുക്കാൻ പിടിച്ചത്. സതീശന്റെ ബഹ്റിനിൽ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തി, സഹോദരൻ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികൾ സതീഷ്കുമാർ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശൻ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയിൽ വെളിപ്പെടുത്തി.

പി. സതീശന്റെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. പണം വിദേശത്തേക്കും തിരികെയും ഒഴുകിയെന്നും സതീശന് വിദേശത്ത് സ്പെയർപാർട്സ് കടയും സൂപ്പർമാർക്കറ്റ് ബിസിനസുമുണ്ടെന്ന് പറഞ്ഞ ഇഡി ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഹവാല ഇടപാടിൽ സഹായികളെന്നും കൂട്ടിച്ചേർത്തു.


വിവിധ ഇടങ്ങളിൽ ഇ ഡി നടത്തിയ പരിശോധനയിൽ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുടെ രേഖകൾ റെയ്ഡിൽ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു.